06:57pm 14 August 2026
NEWS
കേരളത്തിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ഉടനെത്തും
14/08/2026  04:14 PM IST
nila
കേരളത്തിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ഉടനെത്തും

ന്യൂഡൽഹി: പ്രതിപക്ഷത്തിരുന്നുകൊണ്ടുതന്നെ കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പരമാവധി പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി വിശദമായ ചർച്ചകൾ നടത്തിയതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ തുടങ്ങിയവർ കേരളത്തിന്റെ ആവശ്യങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായും ബിജെപി നേതാക്കൾ പറഞ്ഞു.

കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പറും പരിഗണനയിൽ

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അടുത്ത ഘട്ടത്തിൽ കേരളത്തെയും പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു. റെയിൽവേ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടും മന്ത്രിയുമായി ചർച്ച നടത്തി.

മംഗളൂരു–തിരുവനന്തപുരം റെയിൽപാതയിൽ മൂന്ന്, നാല് പാതകളുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് ഉടൻ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. 16,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഗതാഗത ഇടനാഴി എന്നതിലുപരി സാമ്പത്തിക ഇടനാഴിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയിലൂടെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി.

നാവായിക്കുളത്ത് പദ്ധതിക്കായി ഭൂമി വിട്ടുനൽകിയിട്ട് നാലുവർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്തവരുടെ പ്രശ്നവും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഏകദേശം 3000 കോടി രൂപ ആവശ്യമായ സാഹചര്യത്തിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായിരിക്കും ആദ്യ പരിഗണനയെന്നും ബിജെപി അറിയിച്ചു.

ദേശീയപാതയിൽ കൂടുതൽ മേൽപാലങ്ങളും അടിപ്പാതകളും

ദേശീയപാത കടന്നുപോകുന്ന മേഖലകളിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ അടിപ്പാതകളും മേൽപാലങ്ങളും വേണമെന്ന ആവശ്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചു. കായംകുളം, ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് മുന്നിൽ, ഓച്ചിറ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള സ്പാനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം ചവറയിലും മേൽപാലം നിർമിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

പാലക്കാട്–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയും അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി ബിജെപി അറിയിച്ചു. 39 വില്ലേജുകളിലൂടെയും ഏഴ് താലൂക്കുകളിലൂടെയും കടന്നുപോകുന്ന പദ്ധതിയാണിത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടുതൽ മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങൾ പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റിയുടെ ഉന്നതതല സംഘം ഉടൻ കേരളത്തിലെത്തും. വടകര പഴങ്കാവിൽ മേൽപാലം നിർമിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img